ചേർത്തല: ദേശീയപാത ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകനു മർദനമേറ്റ സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്. കോൺഗ്രസ് മണ്ഡലം സെക്രട്ടറി സജീറിനാണ് മർദനമേറ്റത്.
ദേശീയപാത നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനിയുടെ ജീവനക്കാരാണ് മർദിച്ചതെന്ന് ആരോപിച്ച് സജീർ പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തില്ല.
പൊന്നാംവെളിക്കുസമീപം ദേശീയപാതയിലുണ്ടായ വിള്ളലുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.
ഇതുസംബന്ധിച്ച് അന്വേഷണത്തിനായി ഹൈവേ അഥോറിറ്റിയും എംപിയും സ്ഥലം സന്ദർശിക്കാൻ ഇരിക്കെ തലേദിവസം രാത്രി വിള്ളൽ ഉണ്ടായ ഭാഗത്ത് ടാർ ഉരുക്കി ഒഴിക്കുന്നത് കണ്ടു ചോദ്യം ചെയ്ത സജീറിന് മർദനം ഏൽക്കുകയായിരുന്നു.
ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് ഷെറിൻ കെ. ജോർജ് ഉത്തരവിട്ടു.
സജീറിനെ മർദിച്ചതിനെത്തു ടർന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനിലും ആലപ്പുഴ എസ്പിക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്നാണ് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച്. സലാം മുഖാന്തിരം കോടതിയെ സമീപിച്ചത്.